ഓർമ്മക്കുറിപ്പ് - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (മുണ്ടശ്ശേരി മാസ്റ്റർ )

നിരൂപകൻ ; നോവലിസ്റ്റ് ; ചെറുകഥാകൃത്ത് ; പത്രപ്രവർത്തകൻ ; വിദ്യാഭ്യാസ വിചക്ഷണൻ ; ചിന്തകൻ ; വാഗ്മി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ; കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രികൂടിയായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു.

ജോസഫ് മുണ്ടശ്ശേരി/ അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു
. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും കേരള സർവകലാശാല, തിരുവിതാംകൂർ സർവകലാശാല, മദ്രാസ് സർവകലാശാല എന്നിവയിൽ സെനറ്റ് അംഗമായും മദ്രാസ് ഗവർണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

മുണ്ടശ്ശേരിമാഷ് കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന് 1948 ഇൽ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി 1954-ൽ‍ തെരഞ്ഞെടുക്കപ്പെട്ടു.

1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ൽ മണലൂർ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ൽ തൃശ്ശൂർ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ജോസഫ് മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനിൽപ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു.

രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിലും മലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിച്ചു. സഹിത്യവിമർശന രംഗത്ത് വിഗ്രഹഭഞ്ജ്കനയിരുന്ന മുണ്ടശ്ശേരിയുടെ ഗദ്യശൈലി ഓജസും പ്രസാദവും ഉള്ളതാണു.പ്രഭാഷണപരതയായിരുന്നു ആ ശൈലിയുടെ പ്രധന ദൗർബല്യം. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്‌ഷ്യങ്ങൾ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളിൽ എത്തിച്ചേരും. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താൻ കഴിയുകയുള്ളൂ.

1965 മുതൽ 1957 വരെ കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാൻ, കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛൻ, തുടങ്ങിയവർക്ക് സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു.

കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി.

കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളിൽ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. സർവകലാശാലാ അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ അദ്ധ്യാപകർക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകൾ, തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബിൽ കേരളത്തിലെ പ്രധാന സർവ്വകലാശാലകളുടെ സ്ഥാപനത്തിനു വഴിതെളിച്ചു. തിരുവിതാംകൂർ സർവ്വകലാശാലയെ കേരള സർവ്വകലാശാലയായി പുനർനാമകരണം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന ആശയം കൊണ്ടുവന്നതും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്ഥാപിച്ചതും അദ്ദേഹമാണ്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും കൊല്ലത്തെ തങ്ങൾ കുഞ്ഞു മുസലിയാർ എഞ്ചിനീറിംഗ് കോളെജും സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു അദ്ദേഹം.

മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബിൽ നിയമസഭയിൽ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങൾ തുടർന്നു വന്ന ഗവർണ്മെന്റുകൾ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി.

പുരസ്കാരങ്ങൾ.
കൊച്ചി രാജാവ് അദ്ദേഹത്തിന് “സാഹിത്യ കുശലൻ“ എന്ന ബഹുമതി സമ്മാനിച്ചു. 1973 ഇൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ൽ സോവിയറ്റ്‌‌ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.

മുണ്ടശ്ശേരിയുടെ കൃതികൾ
നോവലുകൾ
പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്

സാഹിത്യ വിമർശനം.
കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത - ഒരു പഠനം, വള്ളത്തോളിന്റെ കവിത - ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ

ചെറുകഥകൾ.
സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്.

ആത്മകഥ.
കൊഴിഞ്ഞ ഇലകൾ (ഭാഗം 1, 2)

1977 ഒക്ടോബർ 25 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം..

Comments

Featured post

ഗണിത ശാസ്ത്രത്തിലെ ചില ചോദ്യങ്ങൾ

കേരളത്തിലെ ജില്ലകൾ രൂപീകരിച്ച തിയതി എളുപ്പം പഠിക്കാം

ദിവസ വിശേഷം - ആഗസ്ത് 2

Advertisement